ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ വിജയകരം. ഇതോടെ ചന്ദ്രന് 177 കിലോമീറ്റർ അകലെ മാത്രമാണ് പേടകമെന്ന് ഇസ്രോ അറിയിച്ചു. പരിക്രമണ ഘട്ടം വിജയകരമായി പൂർത്തീകരിച്ച് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചന്ദ്രയാൻ 3 അടുക്കുകയാണ്. ഇപ്പോൾ ചന്ദ്രന് ചുറ്റും ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നു.
ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16 നു നടക്കും. ഇതോടെ ചന്ദ്രനിൽനിന്നുള്ള അകലം 100 കിലോമീറ്ററിന് അകത്താകും. ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. ശേഷം 30 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ സമീപം സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിങ്ങിനുള്ള പ്രോസസ്സ് നടക്കുക. ഓഗസ്റ്റ് 23-നാകും ഇത്. ഈ മാസം അഞ്ചിനാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.