ചന്ദ്രനിൽ നിന്ന് മറ്റൊരു നിർണായക വിവരം കൂടി. പ്രകമ്പനങ്ങൾ ഉള്ളതായാണ് ചാന്ദ്രദൗത്യത്തിലെ പുതിയ കണ്ടെത്തൽ. ലാൻഡറിലെ ഇൽസ എന്ന പേ ലോഡാണ് പ്രകമ്പനങ്ങൾ തിരിച്ചറിഞ്ഞത്. ഭൂചലനങ്ങൾ മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ, ആഘാതം തുടങ്ങിയവ പഠിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ചന്ദ്രയാൻ 3ന്റെ ലാൻഡറിന്റെ ഭാഗമായ ‘ഇൽസ’. പ്രകമ്പനത്തിന്‍റെ ഗ്രാഫും ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു.
ചന്ദ്രോപരിതലത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രകമ്പനവും പ്രഗ്യാന്‍ റോവറും പരീക്ഷണോപകരണങ്ങളും പ്രവര്‍ത്തിക്കുമ്പോഴുള്ള പ്രകമ്പനവും ഐഎൽഎസ്എ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകമ്പനത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണെന്നും ഐ.എസ്.ആര്‍.ഒ. എക്‌സില്‍ പോസ്റ്റ് ചെയ്തു. ഓഗസ്റ്റ് 26നാണ് ഇൽസ പ്രകമ്പനം സംബന്ധിച്ച വിവരം ഐഎസ്ആർഒയ്ക്ക് കൈമാറിയത്.
ചന്ദ്രനിലെത്തിക്കുന്ന ആദ്യത്തെ മൈക്രോ ഇലക്ട്രിക്കോ മെക്കാനിക്കല്‍ സിസ്റ്റംസ് ഉപകരണമാണ് ഐഎൽഎസ്എ. ചന്ദ്രനിലെ പലതരത്തിലുള്ള പ്രകമ്പനം സംബന്ധിച്ച നിരീക്ഷണം നടത്തുന്നതിനുവേണ്ടി ലാൻഡറിൽ ഘടിപ്പിച്ച ഉപകരണമാണിത്.
റോവറിന്റെ പുതിയ വീഡിയോ ഇസ്രോ പങ്കുവെച്ചിട്ടുണ്ട്. സഞ്ചാര പാത തിരഞ്ഞെടുക്കുന്ന റോവറിന്റെ വീഡിയോ ലാൻഡറാണ് പകർത്തിയത്. ചന്ദ്രന്റെ പ്രതലത്തിൽ ഒരു കുട്ടിയെപോലെയാണ് റോവർ എന്നും സ്നേഹത്തോടെ അത് നോക്കി നിൽക്കുന്ന അമ്മയെ പോലെയാണ് ലാൻഡർ എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആർഒ ദൃശ്യം പങ്കുവച്ചിരിക്കുന്നത്.
ഓരോ ദിവസവും ചന്ദ്ര ഉപരിതലത്തിൽ നിന്നും നിർണായകമായ കണ്ടെത്തലുകൾ ആണ് ചന്ദ്രയാൻ 3 ദൗത്യം നടത്തുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തിയിരുന്നു. ലേസർ ഇൻഡ്യൂസ്‌ഡ് ബ്രേക്ക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപ് എന്ന ഉപകരണം വഴി നടത്തിയ പരീക്ഷണത്തിലാണ് സൾഫർ സാന്നിദ്ധ്യം വ്യക്തമായത്.