ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യത്തിനു ശേഷം സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ മടങ്ങിയെത്തി. യുഎഇ സമയം രാവിലെ 8.05നാണ് സംഘം അമേരിക്കയിലെ ഫ്‌ളോറിഡ തീരത്ത് ഇറങ്ങിയത്. ഭൂമിയിലെ ജീവിത ക്രമം ശീലിക്കാന്‍ മൂന്നാഴ്‌ത്തോളം സമയമാണ് സംഘത്തിന് വേണ്ടി വരിക. ഇന്നലെ വൈകിട്ട് യുഎഇ സമയം 3.05നാണ് സുല്‍ത്താല്‍ അല്‍ നെയാദി ഉള്‍പ്പെടെ ക്രൂ 6 അംഗങ്ങള്‍ ഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചത്. 17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ രാവിലെ 8.05ന് അമേരിക്കയിലെ ഫ്‌ളോറിഡ തീരത്ത് സംഘം വന്നിറങ്ങി. സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് സംഘം മടങ്ങിയെത്തിയത്. ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകം ഭൂമിയിലേക്ക് മടക്കി എത്തിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം പാരച്യൂട്ട് ഉപയോഗിച്ചാണ് പേടകം വന്നിറങ്ങിയത്. ബഹിരാകാശ യാത്രികര്‍ക്ക് ഭൂമിയിലെ ജീവിത ക്രമവുമായി ശീലിക്കാന്‍ മൂന്ന് ആഴ്ചത്തോളം സമയം വേണ്ടി വരും. ഗുരുത്വാകര്‍ഷണ രീതിയിലേക്ക് ശരീരത്തെ പുനക്രമീകരിക്കാന്‍ സമയമെടുക്കും. സംഘത്തെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കും. ഇതിനു ശേഷമായിരിക്കും നെയാദി യുഎഇയിലേക്ക് മടങ്ങിയെത്തുകയെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു.
നാസയുടെ സ്റ്റീഫന്‍ ബോവന്‍, വൂഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി അേ്രന്ദ ഫെദേയേവ് എന്നിവരാണ് നെയാദിക്കൊപ്പം ഭൂമിയില്‍ എത്തിയത്. ബഹിരാകാശ നിലയത്തില്‍ കൂടുതല്‍ കാലം ചിലവഴിച്ച അറബ് വംശജന്‍ എന്നതടക്കം നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് നെയാദി മടങ്ങിയെത്തിരിക്കുന്നത്. ബഹിരാകാശത്ത് ഏഴ് മണിക്കൂര്‍ സ്‌പേസ് വാക്ക് നടത്തിയും നെയാദി ചരിത്രം സൃഷ്ടിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിരവധി പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംഘം മടങ്ങിയെത്തിയത്. ക്രൂ സിക്‌സ് സംഘത്തിനു പകരം ചുമതലയേറ്റെടുത്ത ക്രൂ സെവന്‍ അംഗങ്ങള്‍ ബഹിരാകാശ നിലയത്തില്‍ പുതിയ ദൗത്യങ്ങളിലാണ്. യുഎഇയിലേക്ക് മടങ്ങിയെത്തുന്ന സുല്‍ത്താന്‍ അല്‍നെയാദിക്ക് രാജകീയമായ വരവേല്‍പ്പ് നല്‍കാനാണ് തീരുമാനം.
- https://www.facebook.com/myntv/videos/7101248976573839