ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദൗത്യം ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിർണായക നിമിഷങ്ങളാണ് തരണം ചെയ്യേണ്ടതായുള്ളത്. ചന്ദ്രനിൽ ഇറങ്ങാൻ ചന്ദ്രയാൻ 3 സജ്ജമെന്ന് ഐഎസ്ആർഒ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. വൈകിട്ട് 5.45 മുതൽ സോഫ്റ്റ് ലാൻഡിംഗ് തുടങ്ങും. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.
ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളും എഐ അധിഷ്ഠിത ഗതി നിര്‍ണയവുമാണ്. ചന്ദ്രയാന്‍ 3 ലാന്‍ഡറില്‍ നിന്നയക്കുന്ന സിഗ്നലുകളിലെ ഡാറ്റ ബെംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്റ് നെറ്റ് വര്‍ക്ക് കേന്ദ്രത്തിലാണ്. ബെംഗളുരുവിലെ ഡീപ്പ് സ്‌പേസ് നെറ്റ് വര്‍ക്കിലേക്കും യുഎസിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലേക്കും സ്‌പെയിനിലെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കേന്ദ്രത്തിലേക്കും അയക്കും. ചന്ദ്രനിലേക്ക് ഇറങ്ങുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പേടകത്തിന് നിര്‍ദേശങ്ങള്‍ നല്കാൻ കഴിയില്ല.
ചന്ദ്രയാൻ രണ്ടിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ചന്ദ്രയാൻ മൂന്നിന്റെ രൂപകൽപ്പന. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം സജ്ജീകരിച്ചിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും.