അബുദബി: യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അല്‍ മത്രൂഷിയാണ് സ്‌പേസ് വാകിനുള്ള പരിശീലനം ആരംഭിച്ചത്. ടെക്‌സസിലെ നാസയുടെ പരിശീലന കേന്ദ്രത്തിലാണ് നോറ അല്‍ മത്രൂഷി. ബഹിരാകാശത്ത് ഉപയോഗിക്കുന്ന 145 കിലോ തൂക്കം വരുന്ന സ്യൂട്ട് ധരിച്ചാണ് നോറ അല്‍ മത്രൂഷി പരിശീലനത്തിന് ഇറങ്ങിയത്. ടെക്‌സസിലെ ന്യൂട്രല്‍ ബൂയന്‍സി ലബോറട്ടറില്‍ 2.3 ദശലക്ഷം ലിറ്റര്‍ വെള്ളം നിറച്ച ഇന്‍ഡോര്‍ പൂളിലാണ് പരിശീലനം പുരോഗമിക്കുന്നത്. നോറയ്‌ക്കൊപ്പം ബഹിരാകാശത്തേയ്ക്ക് യാത്രയ്ക്ക് തയ്യാറെടുക്കുന്ന മുഹമ്മദ് അല്‍ മുഅല്ല എന്ന ഇമാറാത്തിയും പരിശീലനത്തില്‍ പങ്കുചേരുന്നുണ്ട്.
ഭാവിയില്‍ ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പരിശീലനം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രം പുറത്ത് വിട്ടിട്ടുണ്ട്. 2019ല്‍ ബഹിരാകാശ സഞ്ചാരിയായ ഹസ അല്‍ മന്‍സൂരിയും സുല്‍ത്താന്‍ അല്‍ നെയാദിയുമാണ് ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള ഇമാറാത്തികള്‍. സുല്‍ത്താന്‍ അല്‍ നെയാദി ദൗത്യം പൂര്‍ത്തിയാക്കി ഈ മാസം ഭൂമിയിലേയ്ക്ക് മടങ്ങും.