2023 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. ഇതോടെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി.
ഖത്തറില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് പ്രധാനമായും മെസ്സിക്ക് സഹായകമായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും നേടി. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു പുരസ്‌കാരനേട്ടം. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസ്സി എത്തി. അഞ്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് പുരസ്കാര നേട്ടത്തിൽ രണ്ടാം സ്ഥാനത്ത്.
സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്‌സലോണ എഫ്.സി.യുമാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മർട്ടിനസ് സ്വന്തമാക്കി. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു.