ഇമാറാത്തികളെ ചന്ദ്രനിലേക്ക് അയക്കുന്നത് സംബന്ധിച്ച് യുഎഇയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിലെ പങ്കാളിത്തം സംബന്ധിച്ചാണ് ചര്‍ച്ച. നാസയും ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററും തമ്മിലാണ് ഇമാറാത്തികളെ ചാന്ദ്രപര്യവേഷണ പദ്ധതിയില്‍ പങ്കാളികളാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ട് സ്ഥാപനങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ മുതിരുന്നില്ലെന്നും നാസ അഡ്മിനിസ്ട്രറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. 2027-ല്‍ ചന്ദ്രനില്‍ മനുഷ്യരെ എത്തിക്കുന്നതിനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ എന്നാണ് സൂചന. ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഇടത്താവളമായി ലൂണാര്‍ ഗെയ്റ്റ്‌വേ എന്ന പേരില്‍ ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് നാസ ഒരുങ്ങുന്നത്.
ചന്ദ്രനെ വലംവെയ്ക്കുന്ന ഈ ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തം വഹിക്കുന്നതിനുള്ള താത്പര്യവും യുഎഇ അറിയിച്ചിട്ടുണ്ട്. നിലവില്‍ ആര്‍ട്ടെമിസ് ദൗത്യത്തില്‍ അമേരിക്കന്‍ കനേഡിയന്‍ ആസ്‌ട്രോണട്ടുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഹസ്സ അല്‍ മന്‍സൂരിക്കും സുല്‍ത്താന്‍ അല്‍ നെയാദിക്കും പിന്നാലെ രണ്ട് ഇമാറാത്തികള്‍ കൂടി ബഹിരാകാശ യാത്രയ്ക്ക് നാസയില്‍ പരിശീലനം നേടുന്നുണ്ട്. അടുത്ത വര്‍ഷം അവരുടെ പരിശീലനം പൂര്‍ത്തിയാകും. ചാന്ദ്രദൗത്യങ്ങള്‍ക്കുള്ള പരിശീലനവും നോറ അല്‍ മത്രൂഷിക്കും മുഹമ്മദ് അല്‍ മുല്ലയ്ക്കും ലഭിക്കുന്നുണ്ട്. നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാവി ദൗത്യങ്ങളില്‍ യുഎഇ സഞ്ചാരികളും ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്
എന്‍ടിവി,ദുബൈ