പത്തനംതിട്ട റാന്നിയിൽ ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് റാന്നി പൊലീസ് കേസെടുത്തു. സംഭവത്തിൽ ചികിത്സ പിഴവെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബം. റാന്നി പ്ലാങ്കമൺ സർക്കാർ എൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആരോൺ പി വർഗീസ് ആണ് മരിച്ചത്.
യുകെജി വിദ്യാർത്ഥിയായ ആരോൺ വീണ് പരിക്കേറ്റതായി പ്ലാങ്കമൺ എൽപി സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിരുന്നു. മാതാപിതാക്കളെത്തി സ്കൂളിൽ നിന്ന് ആരോണിനെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് റാന്നി മാർത്തോമ്മാ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. കൈക്കുഴ തെറ്റിയതായും അനസ്തേഷ്യ കൊടുത്ത ശേഷം കുഴ പിടിച്ചിടാമെന്ന് ഡോക്ടർ അറിയിച്ചതായും ആരോണിൻ്റെ അച്ഛൻ പറഞ്ഞു. എന്നാൽ പിന്നീട് ആരോണിൻ്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പ്രത്യേക ആംബുലൻസ് വരുത്തി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പിന്നീട് മകൻ മരിച്ച വിവരമാണ് അറിഞ്ഞതെന്ന് മാതാപിതാക്കൾ പറയുന്നു.
അതേസമയം കുട്ടിക്ക് അനസ്തേഷ്യ നൽകിയിരുന്നതായും രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതായും ചികിത്സാ പിഴവല്ല മരണത്തിന് കാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ക്ലാസ്സ് മുറിയിൽ ആരോൺ വീണ് പരിക്കേറ്റതായും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പ്ലാങ്കമൺ സർക്കാർ എൽപി സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു പറഞ്ഞു. ആരോണിൻ്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.