നവകേരള സദസ്സില്‍ കൂടുതല്‍ നേരം സംസാരിച്ചതിന് കെ.കെ.ശൈലജയെ വിമര്‍ശിച്ചെന്ന വാർത്തകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. താൻ ഷൈലജ ടീച്ചര്‍ക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു. ചിലര്‍ക്ക് വല്ലാത്ത ബുദ്ധി,അത് നല്ലതല്ല, ആ കളി അധികം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഷൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരിൽ സർക്കാർ പരിപാടി നടത്തുമ്പോൾ ജനങ്ങൾ ഒഴുകിയെത്തും. അതുകണ്ടു ഹരം കയറിയാണ് ശൈലജ ടീച്ചർ തന്റെയടുത്തു വന്നു സംസാരിച്ചത്. കാര്യങ്ങൾ സമയാസമയത്ത് തുറന്നു പറയുന്നയാളാണു താൻ. മട്ടന്നൂരിൽത്തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മാധ്യമങ്ങള്‍ക്ക് ഒരുതരം വല്ലാത്ത ബുദ്ധിയാണ് ഇക്കാര്യത്തില്‍. അതിന്റെ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതു നല്ലതല്ലെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും പിണറായി പറഞ്ഞു. എന്റെ തെറ്റിദ്ധാരണയല്ല. നിങ്ങള്‍ക്ക് തെറ്റിദ്ധാരണയാണെങ്കില്‍ ആ തെറ്റിദ്ധാരണയാണെന്ന് പറയാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു. നിങ്ങള്‍ക്ക് തെറ്റിദ്ധാരണ അല്ല ഉണ്ടാകുന്നത്. നിങ്ങള്‍ തന്നെ ഇപ്പോള്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാകുമല്ലോ. ആ ഉറവിടത്തെപ്പറ്റിയാണ് പറയുന്നത്. അതു വേണ്ട. ആ കളി അധികം വേണ്ട.’മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.