ചെങ്കടലില്‍ ഹൂത്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയും അമേരിക്കന്‍ സഖ്യം നടത്തുന്ന പ്രത്യാക്രമങ്ങളും പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ സഖ്യത്തിന്റെ നടപടി ചെങ്കടലിലെ മുഴുവന്‍ കപ്പലുകളുടെയും സുരക്ഷയെ ബാധിച്ചിരിക്കുകയാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ചെങ്കടല്‍ ഗതാഗതം ഭീഷണിയിലായതോടെ യുഎഇ ഖത്തറും അടക്കമുള്ള രാജ്യങ്ങള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് തുടങ്ങി.ഹമാസിന് പിന്തുണ അറിയിച്ച് ചെങ്കടലില്‍ യെമനിലെ ഹൂത്തി വിമതര്‍ ആരംഭിച്ച ആക്രമണം മേഖലയില്‍ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ്.
ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ആക്രമിക്കും എന്നായിരുന്നു ഹൂത്തികളുടെ പ്രഖ്യാപനം എങ്കിലും ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തെയാകെ അത് ബാധിച്ചു. ഇതെതുടര്‍ന്ന് അമേരിക്ക-യു.കെ സഖ്യം പ്രത്യാക്രമണം ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. യെമനില്‍ അമേരിക്ക പ്രത്യാക്രമണം ആരംഭിച്ചതോടെ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തെയാകെ അത് ബാധിച്ചിരിക്കുകയാണെന്ന് ലെബനന്‍ സായൂധ സംഘമായ ഹിസ്ബുള്ള വ്യക്തമാക്കി. അമേരിക്കന്‍ നടപടി ചെങ്കടല്‍ വഴി സഞ്ചരിക്കുന്ന മുഴുവന്‍ കപ്പലുകളുടെയും സുരക്ഷ ഇല്ലാതാക്കിയിരിക്കുകയാണെന്ന് ഹിസ്ബുള്ള നേതാവ് ഹസ്സ നസ്രള്ള പറഞ്ഞു.
യെമനില്‍ നടത്തുന്ന ഓരോ ആക്രമണത്തിനും തിരിച്ചടി നല്‍കുമെന്നാണ് ഹൂത്തികളുടെ ഭീഷണി. യെമനില്‍ നിന്നും ഹൂത്തികള്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ കപ്പലുകള്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്നും ഹൂത്തികള്‍ തൊടുത്ത ഒരു മിസൈല്‍ തകര്‍ത്തതായി യു.എസ് സൈന്യം അറിയിച്ചു. ചെങ്കടല്‍ യുദ്ധഭീഷണിയിലായതോടെ യുഎഇയും സൗദി അറേബ്യയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കും യൂറോപിനും ഇടയിലുള്ള ചരക്ക് നീക്കത്തേയും അത് ബാധിച്ചു. ചെങ്കടല്‍ ഒഴിവാക്കി യൂറോപ്പില്‍ നിന്നുള്ള ചരക്ക് ആഫ്രിക്കന്‍ മുനമ്പ് ചുറ്റി എത്തിക്കുന്നതിന് ചിലവേറെയാണ്. ഇതെ തുടര്‍ന്ന് മറ്റ് വിപണികളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് ശ്രമം. ചെങ്കടലില്‍ വഴിയുള്ള എണ്ണയുടെയും പ്രകൃതിവാദകത്തിന്റെയും കയറ്റമതി ഖത്തറും നിര്‍ത്തിവെച്ചു.