ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ ആക്രമിക്കുന്ന ഹൂത്തികള്‍ക്ക് എതിരായ യു.എസ്-യു.കെ പ്രതിരോധം പാളുന്നു. അമേരിക്കന്‍ സഖ്യം തിരിച്ചടി ആരംഭിച്ചതിന് ശേഷം ആക്രമിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം കൂടിയെന്നാണ് കണക്കുകള്‍. അതെസമയം ഇറാഖിനേയും സിറിയയിലെയേും ഇറാനിയന്‍ സൈനിക സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ സൈന്യത്തിന് അമേരിക്ക അനുമതി നല്‍കി.ഗാസ യുദ്ധത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ നവംബറില്‍ ആണ് യെമനിലെ ഹൂത്തി സായുധസേന ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചത്.
ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കും എന്നായിരുന്നു ഹൂത്തികളുടെ ഭീഷണി എങ്കിലും ചെങ്കടല്‍ വഴി സഞ്ചരിച്ച പല കപ്പലുകളും ആക്രമണത്തിന് ഇരയായി. ഇതോടെ ഏഷ്യയ്ക്കും യുറോപ്പിനും ഇടയില്‍ ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് അമേരിക്ക നേതൃത്വം നല്‍കുന്ന പാശ്ചാത്ത്യരാജ്യങ്ങളുടെ സംഖ്യം ഹൂത്തികള്‍ക്ക് എതിരെ പ്രത്യാക്രമണം പ്രഖ്യാപിച്ചത്. ജനുവരി പതിനൊന്നിന് ആണ് മെയനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സംഖ്യം ആക്രമണം നടത്തിയത്. പിന്നീട് പലതവണ ഹൂത്തികളുടെ ആയുധകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇന്നലെ മാത്രം പത്തോളം ഹൂത്തി ഡ്രോണുകള്‍ ആണ് അമേരിക്കയുടെ വ്യോമാക്രമണത്തില്‍ തകര്‍ത്തത്. പക്ഷെ അമേരിക്കന്‍ സഖ്യത്തിന്റെ പ്രത്യാക്രമണം ഹൂത്തികളെ പിന്തിരിപ്പിച്ചില്ലെന്ന് മാത്രമല്ല ആക്രമിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കിടയില്‍ ഒന്‍പത് കപ്പലുകള്‍ ആണ് ഹുത്തികള്‍ ആക്രമിച്ചത്.
അമേരിക്കന്‍ സംഖ്യം തിരിച്ചടി ആരംഭിക്കുന്നതിന് മുന്‍പുള്ള മൂന്നാഴ്ചകളില്‍ ഹൂത്തികള്‍ ആറ് കപ്പലുകള്‍ ആണ് ആക്രമിച്ചത്. അമേരിക്കന്‍ സംഖ്യം പ്രത്യാക്രമണം ആരംഭിച്ചതിന് ശേഷം ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ മുപ്പത് ശതമാനത്തോളം കുറവും വന്നു. മാത്രമല്ല അമേരിക്കന്‍ ബ്രിട്ടീഷ് കപ്പലുകളും ഹൂത്തികള്‍ ആക്രമിക്കാന്‍ തുടങ്ങി. ഇതുവരെ ഇരുപത്തിയെട്ട് കപ്പലുകള്‍ ആണ് ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമിച്ചത്. ഇതില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇസ്രയേല്‍ ബന്ധമുള്ളത്.