ദുബൈയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ആര്‍ടിയുടെ പൊതുഗതാഗത സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. മെട്രോ പുലര്‍ച്ചെ വരെ അധിക സമയം സര്‍വ്വീസ് നടത്തും. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ അടച്ചിടും.
പെരുന്നാള്‍ അവധി ദിനങ്ങളുടെ ഭാഗമായാണ് ദുബൈ ആര്‍ടിഎ പൊതുഗതാഗത സേവനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചത്. അവധി ദിനങ്ങളിലെ തിരക്കും ഗതാഗത സേവനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് പ്രവര്‍ത്തന സമയം നീട്ടിയത്. ദുബൈ മെട്രോ റെഡ്, ഗ്രീന്‍ ലൈനുകളില്‍ നാളെ പുലര്‍ച്ചെ അഞ്ച് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ പ്രവര്‍ത്തിക്കും. ഞായറാഴ്ച രാവിലെ എട്ട് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെയായിരിക്കും പ്രവര്‍ത്തനം. മാര്‍ച്ച് 31 തിങ്കള്‍ മുതല്‍ ഏപ്രില്‍ രണ്ട് ബുധന്‍ വരെ രാവിലെ അഞ്ച് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ മെട്രോ സര്‍വ്വീസ് നടത്തും.
ട്രാം നാളെ മുതല്‍ തിങ്കള്‍ വരെ രാവിലെ ആറ് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ പ്രവര്‍ത്തിക്കും. ഞായറാഴ്ച ദിവസം രാവിലെ 9 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ ആയിരിക്കും സര്‍വ്വീസ് നടത്തുക. അല്‍ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നുമുള്ള ബസ് റൂട്ട് ഇ 100 ഇന്ന് മുതല്‍ ശവ്വാല്‍ മൂന്ന് വരെ സര്‍വ്വീസ് നിര്‍ത്തിവെക്കും. നാളെ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ ഒന്നിനായിരിക്കും ശവ്വാല്‍ മൂന്ന്. ഇബന്‍ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്നും അബുദബിയിലേക്കുള്ള യാത്രക്കാര്‍ റൂട്ട് ഇ 101 ഉപയോഗിക്കണമെന്നും ആര്‍ടിഎ അറിയിച്ചു. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും വാഹന പരിശോധന കേന്ദ്രങ്ങളും ശവ്വാല്‍ മൂന്ന് വരെ അടച്ചിടും. ഓണ്‍ലൈന്‍ സേവനങ്ങള്‍ 24 മണിക്കൂറും തുടരും.