വയനാട് മുണ്ടക്കൈ പ്രദേശങ്ങളില്‍ ഇന്ന് നടത്തിയ തെരച്ചിലിലും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍പ്പെട്ട 126 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. വരും ദിവസങ്ങളലും പ്രദേശത്ത് തെരച്ചില്‍ തുടരും.പരപ്പന്‍പാറയില്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നും ഇന്ന് മൂന്ന് ശരിരഭാഗങ്ങള്‍ ആണ് ലഭിച്ചത്. രണ്ട് കാലുകള്‍ അടക്കം ആണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൃതദേഹം ലഭിച്ച ഭാഗത്ത് നിന്നും ആണ് ഇന്നും മൃതദേഹഭാഗങ്ങള്‍ ലഭിച്ചത്. പുഞ്ചിരിമട്ടം, മുണ്ടകൈ,സ്‌കൂള്‍ റോഡ്, ചൂരല്‍മല ,വില്ലേജ് റോഡ്, അട്ടമല എന്നീ ആറ് സോണുകളിലായിട്ടാണ് ഇന്ന് ജനകീയ തെരച്ചില്‍ നടത്തിയത്. ഞായറാഴ്ച്ചയായതിനാല്‍ ഇന്ന് കൂടുതല്‍ പേര്‍ തെരച്ചിലില്‍ പങ്കെടുത്തു.
1857 പേര്‍ ഇന്ന് തെരച്ചിലില്‍ പങ്കെടുത്തു. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ തുടരുന്നുണ്ട്. വയനാട് ദുരന്തത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴയാണെന്നാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 29 30 തീയതികളില്‍ അനുഭവപ്പെട്ട കനത്ത മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായത്. 2018 മുതല്‍ ഈ മേഖലയില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.