അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വിവാദ ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണള്‍ഡ് ട്രംപ്.ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി.ക്യാപിറ്റോള്‍ ആക്രമണക്കേസിലെ 1600-ഓളം പ്രതികള്‍ക്ക് മാപ്പ് നല്‍കിക്കൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.ഇരുനൂറോളം എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ആണ് ഡൊണള്‍ഡ് ട്രംപ് ഓവല്‍ ഓഫീസില്‍ ഒപ്പുവെച്ചത്.ഇതില്‍ പ്രധാനമാണ് ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ്.പൗരത്വം ഇല്ലാത്തവര്‍ക്ക് അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇനി പൗരത്വം നല്‍കരുതെന്ന് ട്രംപ് സര്‍ക്കര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ഭരണഘടനയുടെ പതിനാലാം ഭേദഗതിയില്‍ മാറ്റം വരുത്തുന്നതിന് ആണ് ട്രംപിന്റെ നീക്കം.എന്നാല്‍ ഇത് കോടതികള്‍ ചോദ്യം ചെയ്യപ്പെടും എന്നാണ് നിയമവിദഗദ്ധര്‍ വ്യക്തമാക്കുന്നത്.ആഗോളതലത്തില്‍ തന്നെ ചലനങ്ങള്‍ സൃഷ്ചിക്കുന്നവയാണ് ട്രംപ്പിന്റെ ആദ്യ ഉത്തരവുകളില്‍ ചിലത്.ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും പിന്മാറുന്നതിനുള്ള ഉത്തരവ് ആണ് ഇതില്‍ പ്രധാനം.വലിയതോതില്‍ പ്രവര്‍ത്തനഫണ്ട് നല്‍കുന്ന അമേരിക്കയുടെ പിന്‍മാറ്റം ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും.
അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് മറ്റൊരു ഉത്തരവ്.ഇതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും.2021 ജനുവരി ആറിലെ ക്യാപിറ്റോള്‍ ആക്രമണകേസിലെ 1600-ഓളം പ്രതികള്‍ക്ക് സമ്പൂര്‍ണ്ണ മാപ്പ് നല്‍കിക്കൊണ്ടും ട്രംപ് ഉത്തരവിട്ടു.