ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതിന് എതിരായ ഹർജികളിൽ ഓഗസ്റ്റ് രണ്ട് മുതൽ അന്തിമ വാദം ആരംഭിക്കാൻ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ തീരുമാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റേതാണ് തീരുമാനം. ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആകെ 23 ഹർജികൾ ആണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്. കേസിൽ കക്ഷികൾക്ക് ഈ മാസം 27 വരെ രേഖകൾ സമർപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതി വിശദമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന വിഷയവുമായി ഇതിനു ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു.