ജോര്‍ഡാനില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.നിരവധി അമേരിക്കന്‍ സൈനികര്‍ പരുക്കേറ്റു. ഇറാന്‍ പിന്തുണയ്ക്കുന്ന തീവ്രവാദികള്‍ ആണ് ആക്രമണത്തിന് പിന്നില്‍ എന്ന് അമേരിക്ക ആരോപിച്ചു. എന്നാല്‍ ഡ്രോണ്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍ മറുപടി നല്‍കി.സിറിയന്‍ അതിര്‍ത്തിക്ക് സമീപം വടക്കുകിഴക്കന്‍ ജോര്‍ദ്ദാനില്‍ ആണ് അമേരിക്കന്‍ സൈനിക ക്യാംപിന് നേരെ ഡ്രോണ്‍ ആക്രണം ഉണ്ടായത്. മുപ്പത്തിനാല് പേര്‍ക്കാണ് പരുക്കേറ്റത്. വടക്കുകിഴക്കന്‍ ജോര്‍ദാനിലെ ടവര്‍ 22 എന്ന സൈനിക താവളം ആണ് ആക്രമിക്കപ്പെട്ടത്.
ചില സൈനികര്‍ക്ക് ഗുരുതരമായിട്ടാണ് പരുക്കേറ്റിരിക്കുന്നത്. ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് പിന്നില്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. ശക്തമായ തിരിച്ചടി നല്‍കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിശദാംശങ്ങള്‍ക്ക് അമേരിക്ക പുറത്തുവിട്ടിട്ടില്ല. ജോര്‍ദ്ദാനിലുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കും ഇല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമാണ്. നേരത്തെ സിറിയയിലും ഇറാക്കിലും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. ജോര്‍ദ്ദന്‍ അതിര്‍ത്തിയിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഉണ്ടായ ആക്രമണം പശ്ചിമേഷ്യയില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷസാഹചര്യം കൂടുതല്‍ വര്‍ദ്ധിക്കുന്നതിന്റെ സൂചനയായിട്ടാണ് ആക്രമണം വിലയിരുത്തപ്പെടുന്നത്.