ഏകദിന ലോകകപ്പ് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായിരുന്നു. ഇങ്ങനെ ഒരു നിയമം ഉണ്ടെങ്കിലും ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഇത് പ്രാവർത്തികമാക്കുന്നത്.
സംഭവത്തിൽ വിശദീകരണവുമായി എയ്ഞ്ചലോ മാത്യൂസ് രംഗത്തെത്തിയിരിക്കുന്നു. വീഡിയോ തെളിവ് അടക്കം പങ്കുവച്ചാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്.അപമാനകരമായ സംഭവമായിരുന്നു ഇതെന്നാണ് മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞത്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. തയാറാകാൻ രണ്ടു മിനിറ്റ് സമയമുണ്ടായിരുന്നു. എന്നാൽ യാന്ത്രികമായ ഒരു തകരാറാണ് അവിടെ സംഭവിച്ചത്. സാമാന്യബോധം എന്നത് അപ്പോൾ എവിടെപ്പോയി എന്നും മാത്യൂസ് ചോദിക്കുന്നു.
ഒരു ബാറ്റർ ഔട്ടായാൽ അടുത്ത കളിക്കാരന് ക്രീസിലെത്താൻ മൂന്ന് മിനിറ്റാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ലോകകപ്പിൽ ഇത് രണ്ട് മിനിറ്റ് മാത്രമാണ്. എന്നാൽ താൻ കൃത്യ സമയത്ത് ക്രീസിലെത്തിയിരുന്നു എന്നാണ് മാത്യൂസ് പറയുന്നത്. അടുത്ത പന്ത് നേരിടാനായി താൻ അഞ്ച് സെക്കന്റ് മുമ്പെ തയ്യാറായിരുന്നു. ഹെൽമറ്റിന്റെ തകരാറാണ് കൂടുതൽ സമയം നഷ്ടപ്പെടുത്തിയതെന്നും മാത്യൂസ് വ്യക്തമാക്കുന്നു.
നായകൻ ശാകിബുൽ ഹസനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമർശിക്കുന്നു എയ്ഞ്ചലോ മാത്യൂസ്. ശാകിബിൽ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് താരം പറഞ്ഞു. നിശ്ചിത സമയം കഴിഞ്ഞിട്ടും താരം ബാറ്റിങ്ങിന് തയാറാകാതെ വന്നതോടെ ബംഗ്ലാദേശിന്‍റെ അപ്പീൽ അമ്പയർ അംഗീകരിക്കുകയായിരുന്നു. തുടർന്ന് ശാകിബിനോടും മാത്യൂസ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ടൈംഡ് ഔട്ടിനായുള്ള ശാകിബിന്‍റെ അപ്പീൽ അമ്പയർ അംഗീകരിക്കുകയായിരുന്നു. മത്സര ശേഷം ഇരു ടീമുകളുടെയും താരങ്ങളും ഷെയ്ക്ക് ഹാൻഡ് നൽകാതെയാണ് ഗ്രൗണ്ട് വിട്ടത്.
ഏതായാലും തെളിവായി ഒരു വിഡിയോ മാത്യൂസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. രണ്ടു മിനിറ്റ് പൂർത്തിയാകുന്നതിനു മുൻപു തന്നെ താൻ ക്രീസിലെത്തിയിരുന്നു എന്നാണു മാത്യൂസിന്റെ വാദം. ‘‘ഫോർത്ത് അംപയർക്ക് ഇവിടെ തെറ്റുപറ്റിയിരിക്കുന്നു. ഹെൽമറ്റ് മാറ്റിയിട്ടും എനിക്ക് അഞ്ച് സെക്കൻഡുകൾ കൂടി ബാക്കിയുണ്ടെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഫോർത്ത് അംപയര്‍ ഇക്കാര്യം വ്യക്തമാക്കുമോ?’’– എയ്ഞ്ചലോ മാത്യൂസ് പറയുന്നു.
ശ്രീലങ്കൻ ബാറ്റിങ്ങിന്റെ 25–ാം ഓവറിലെ രണ്ടാം പന്തിൽ ശാകിബുൽ ഹസന്റെ പന്തിൽ സധീര സമരവിക്രമ പുറത്തായി. തൊട്ടുപിന്നാലെ ആറാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തി. ക്രീസിലെത്തി ബാറ്റിങ്ങിനൊരുങ്ങുമ്പോഴാണ് ഹെൽമറ്റിന്റെ സ്ട്രാപ്പിന് തകരാറ് സംഭവിച്ചതായി മാത്യൂസ് മനസ്സിലാക്കുന്നത്. തുടർന്ന് പുതിയ ഹെൽമറ്റ് ആവശ്യപ്പെട്ടു. ഈ സമയത്താണ് ബംഗ്ലദേശ് ക്യാപ്റ്റൻ ശാകിബുൽ ഹസൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തത്. അപ്പീൽ അനുവദിച്ച് അംപയർ മറെ ഇറാസ്മസ് എയ്ഞ്ചലോ മാത്യൂസിനോട് ഗ്രൗണ്ടിന് പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.