ദുബൈ: 65 ടണ്ണിന് മുകളില്‍ ഭാരമുള്ള ട്രക്കുകള്‍ക്ക് യുഎഇ റോഡുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നിയമം ഒക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. അതിന് മുന്‍പ് കമ്പനികള്‍ക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടാന്‍ നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി ഒന്ന് വരെ പിഴയീടാക്കില്ലെന്ന് പശ്ചാത്തല സൗകര്യവികസന മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയി അറിയിച്ചു. അതിര്‍ത്തിക്ക് പുറത്ത് കടക്കുന്ന 1,50,000 വാഹനങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരിക. സുരക്ഷാ വാഹനങ്ങള്‍, മിലിട്ടറി, പൊലീസ്, സിവില്‍ ഡിഫന്‍സ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ഹെവി വാഹനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വരുന്ന നാല് മാസം കമ്പനികള്‍ക്കിടയില്‍ പുതിയ നിയമത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ സഹായകരമാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. രാജ്യത്തിന്റെ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം. നിലവില്‍ രാജ്യത്തുടനീളമുള്ള ട്രക് ലോഡിന്റെ 28 ശതമാനവും 65 ടണ്ണില്‍ കൂടുതലാണ്. ജനുവരി അവസാനത്തോടെ ട്രക്കുകള്‍ നിരീക്ഷിക്കാന്‍ ദേശിയ പാതകളില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും. ഇ-ഗേറ്റുകളില്‍ 3 ഡി ലേസര്‍ സ്‌കാനറുകള്‍, ഇലക്ട്രോണിക് സെന്‍സറുകള്‍ എന്നിവ ഉണ്ടായിരിക്കും. കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് 65 ടണ്ണിന് മുകളില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്.