അബുദബി: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ബോധവത്കരണം നടത്തുകയാണ് യുഎഇ ആരോഗ്യ മന്ത്രാലയം. രോഗബാധിതരാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച നിര്‍ദ്ദേശമാണ് വീഡിയോ സന്ദേശത്തിലൂടെ പങ്കുവെയ്ക്കുന്നത്. രോഗം പരത്തുന്ന കൊതുകുകള്‍ പെരുകുന്നത് തടയാനും ജാഗ്രതപാലിക്കാനും ആവശ്യപ്പെട്ടാണ് ബോധവല്‍കരണം. ഡെങ്കി പരത്തുന്ന കൊതുകുകള്‍ പകല്‍ സമയത്താണ് സജീവമാകുന്നതെന്നും അവക്കെതിരെ ജാഗ്രതാവേണമെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയം മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പുറത്തിറക്കിയ വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് തടയാന്‍ വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കണം. ശുചിമുറികളും മറ്റും വൃത്തിയായി സൂക്ഷിക്കുകയും കീടനാശിനികള്‍ ഉപയോഗിച്ച് കൊതുക് ഉള്‍പ്പെടെയുള്ള കീടങ്ങളെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുകയും വേണം. കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ ക്രീമുകള്‍ ഉപയോഗിക്കണം. നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്. പനി അനുഭവപ്പെട്ടാല്‍ വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാം. എന്നാല്‍ ഇബുപ്രൂഫന്‍, ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം. ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും വീഡിയോ സന്ദേശത്തില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.