എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടറിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തിൽ വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പൊലീസ്. ഹൗസ് സർജൻസിക്കിടെ 2019-ൽ നടന്ന സംഭവത്തിൽ ഇ-മെയിൽ വഴിയായിരുന്നു വനിതാ ഡോക്ടർ പരാതി നൽകിയത്. ഈ ഇ-മെയിൽ ആണ് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറിയത്. എന്നാൽ ഇതിൽ പോലീസ് കേസെടുത്താൽ തിരിച്ചടി ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് മുതിർന്ന ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിതാ ഡോക്ടർ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായ പ്രശ്നം ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവം പരിശോധിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്. ആരോപണ വിധേയനായ ഡോക്ടർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ട്.