ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ.റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നീ രണ്ടു വകുപ്പുകൾ ചുമത്തിയാണ് പ്രതിചേർത്തത്. പിതാവിനെ വൈകാതെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. സ്ത്രീധനം കൂടുതൽ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹന ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് അച്ഛനെയും പ്രതി ചേർത്തത്. കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട് പൂട്ടിയ നിലയിലാണ്. ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും റുവൈസിന്റെ അച്ഛനെ കണ്ടെത്താനായില്ല. ആത്മഹത്യാപ്രേരണ കുറ്റത്തിന് മകൻ അറസ്റ്റിലായതോടെ പിതാവ് ഒളിവിൽ പോയതായാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായി ഷഹനയുടെ സുഹൃത്തുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഷഹന തിങ്കളാഴ്ച രാവിലെയാണ് റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു. റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റുവൈസിനെ ഡിസംബർ 21 വരെ റിമാൻഡിൽവിട്ടിരിക്കുകയാണ്. ഐപിസി 306, സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയത്. റുവൈസിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.