ദുബൈ: ഡ്രൈവിംഗ് ലൈസന്‍സും, വാഹന രജിസ്‌ട്രേഷനും മൊബൈല്‍ ഫോണിലൂടെ പുതുക്കാന്‍ കഴിയുന്ന സംവിധാനം ആരംഭിച്ച് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. സാംസങ് ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് പുതിയ സൗകര്യം ലഭ്യമാകുക. ആര്‍ടിഎയുടെ പരിഷ്‌കരിച്ച ഏകീതൃത മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സേവനം നല്‍കുന്നത്. മെയ് മാസത്തിലാണ് ദുബൈ ആര്‍ടിഎ മൊബൈല്‍ ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത്. ഏകീകൃത പ്ലാറ്റ്‌ഫോമില്‍ ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, പാര്‍ക്കിംഗ്, ഫൈന്‍ അടക്കല്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാംസങ് ഉപയോക്താക്കള്‍ക്കായാണ് ആര്‍ടിഎ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പുതിയ സൗകര്യം നല്‍കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കലും, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലും ഇനി മൊബൈല്‍ ഫോണിലൂടെ സാധിക്കും. ആപ്ലിക്കേഷനിലെ വ്യക്തിഗത ഡാഷ്‌ബോര്‍ഡിലൂടെയാണ് സാംസങ് ഉപയോക്താക്കള്‍ക്ക് സേവനം ഉപയോഗിക്കാന്‍ കഴിയുക എന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി അറിയിച്ചു. സേവനങ്ങള്‍ വേഗത്തില്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം. ആളുകളുടെ വിവരങ്ങളും സ്വകാര്യതയും ഉയര്‍ന്ന നിലവാരത്തില്‍ സംരക്ഷിക്കപ്പെടുമെന്ന് ആര്‍ടിഎയിലെ സ്മാര്‍ട്ട് സര്‍വ്വീസസ് ഡയറക്ടര്‍ മീര അല്‍ ഷെയ്ഖ് അറിയിച്ചു. ലോകത്തിലെ മുന്‍നിര സ്മാര്‍ട്ട് നഗരമാകാനുള്ള ദുബൈയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ആര്‍ടിഎ സേവനങ്ങള്‍ സ്മാര്‍ട്ടാക്കുന്നത്. സാംസങ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി മിലിട്ടറി ഗ്രേഡ് നോക്‌സ് സുരക്ഷാ സ്യൂട്ടിന്റെ ഉറപ്പോടെയാണ് സേവനം നല്‍കുന്നതെന്ന് സാംസങ് അധികൃതരും വെളിപ്പെടുത്തി.