നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തേനിയിൽ നിന്നുമാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖില്‍ സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ച അഖിലിനെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. നേരത്തെ ഇയാൾ കന്യാകുമാരിയിലാണ് ഉണ്ടായിരുന്നത്. പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. അഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഒളിവിലിരിക്കെ ഇയാൾ നെറ്റ് കോൾ വഴി മാധ്യമപ്രവർത്തകരെ അടക്കം ബന്ധപ്പെട്ടിരുന്നു. താൻ നിരപരാധിയാണെന്നു പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ലൊക്കേഷൻ കണ്ടുപിടിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
നിലവില്‍ അഞ്ചോളം തട്ടിപ്പ് കേസുകള്‍ അഖില്‍ സജീവിനെതിരേയുണ്ട്. 2022-ല്‍ CITU പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലിൽ അഖിലാണ് മുഖ്യസൂത്രധാരൻ എന്ന് വ്യക്തമായിരുന്നു. സംഭവത്തിൽ അഖിലിൻ്റെ കൂട്ടാളിയായ റഹീസ് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റൊരു പങ്കാളിയായ ലെനിൻരാജും അറസ്റ്റിലായേക്കും.
മലപ്പുറം സ്വദേശി ഹരിദാസൻ നൽകിയ പരാതിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിയമന കോഴ എന്ന തരത്തിലാണ് ആരോപണം ഉയർന്നത്. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽമാത്യു കോഴവാങ്ങി എന്ന തരത്തിലായിരുന്നു ആരോപണം. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അഖിൽ മാത്യുവിനെതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. പണം കൈമാറി എന്ന് പരാതിക്കാരൻ പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. എന്നാൽ പരാതിക്കാരൻ ആരോപണത്തിൽ ഉറച്ചു നിൽക്കുന്ന സാഹചര്?ത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയടക്കം ഇനിയുള്ള ചോദ്യംചെയ്യലിൽ പുറത്തുവരേണ്ടതുണ്ട്.