Friday, October 18, 2024
HomeNewsKeralaതണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. ഇതും മരണ കാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ആനയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ശ്വാസകോശത്തിൽ അണുബാധയും ഉണ്ടായിരുന്നു. ആനയുടെ പിൻ കാലിലെ മുഴയിൽ‌ പഴുപ്പ് നിറഞ്ഞിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മയക്കുവെടിയേറ്റതിന് ശേഷം മണിക്കൂറുകളോം ആന വെള്ളം കിട്ടാതെ നിന്നിരുന്നുവെന്നും ഇതേ തുടർന്ന് നിർജലീകരണം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ബന്ദിപ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ രാമപുര ബേസ് ക്യാമ്പിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. കർണാടക വെറ്റിനറി സർജന്മാരുടെ സംഘം ബന്ദിപ്പൂരിലെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള 5 അംഗ വിദഗ്ദ സംഘവും എത്തിയിരുന്നു. കർണാടക വെറ്റിനറി സർജൻ ഡോക്ടർ വസീം മിർജായുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്.

ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വെച്ചിരുന്നു. നേരത്തെ ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ടതായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച നിലയിൽ കാട്ടാന തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുമായി അതിരിടുന്ന വനത്തിൽ നിന്നാണ് ഇന്നലെ പുലർച്ചയോടെ മാനന്തവാടിയിൽ എത്തിയത്. 15 മണിക്കൂറോളം മാനന്തവാടിയിലും സമീപപ്രദേശങ്ങളിലും ഭീതിവിതച്ചു. കണിയാരം, പായോട് ഭാഗങ്ങളിൽ സഞ്ചരിച്ച ആന എട്ടോടെയാണ് മാനന്തവാടി നഗരത്തിലെത്തിയത്. കോഴിക്കോട് റോഡിനും താഴെയങ്ങാടി റോഡിനും ഇടയിലുള്ള ചതുപ്പിലും വാഴത്തോട്ടത്തിലും നിലയുറപ്പിച്ച ആന വൈകീട്ടുവരെ ഇവിടെ തമ്പടിച്ചു. ഇന്നലെ രാത്രി ബന്ദിപ്പൂരിൽ എത്തിച്ച ആന വിദഗ്ധ പരിശോധനക്ക് മുമ്പ് തന്നെ ചരിയുകയായിരുന്നെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. നടുക്കമുണ്ടാക്കുന്ന വാർത്തയാണിതെന്നും എല്ലാ കാര്യങ്ങളും സുതാര്യമായാണ് ഇന്നലെ മാനന്തവാടിയിൽ നടന്നതെന്നും മന്ത്രി പറഞ്ഞു. കാട്ടാന ചരിഞ്ഞതിൽ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് ‍അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും വനം മന്ത്രി അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments