പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയന്‍റെ മറുപടി. സതീശന്‍റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. ഒറ്റയ്ക്ക് പോകുമ്പോള്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയിട്ടുണ്ടെന്നും അത്തരം ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് താൻ. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട് എന്നും പിണറായി പറഞ്ഞു.
ഞാൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങൾ ജനങ്ങളുടെ ദാസൻമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർഭരണം ജനം തന്നതിൽ കോണ്‍ഗ്രസിന് കലിപ്പുണ്ടാകുമെന്ന് പറഞ്ഞ പിണറായി വിജയന്‍, 2021ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചുവെന്നും ആരോപിച്ചു. കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവർണർ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോൺഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നവകേരള സദസ്സിന്റെ വിജയം ചിലരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. കല്യാശ്ശേരിയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ നില്‍ക്കുന്ന കവലയില്‍ രണ്ട് ചെറുപ്പക്കാര്‍ കരിങ്കൊടിയുമായി ബസിന് മുന്നിലേക്ക് ചാടിവീണു. അവിടെയുള്ള ചില ചെറുപ്പക്കാര്‍ ഇവര്‍ അപകടത്തില്‍പ്പെടുമെന്ന് കണ്ട് ചാടിവീണവരെ തള്ളിമാറ്റി. അവരുടെ ജീവന്‍ രക്ഷിക്കുക എന്നത് എല്ലാവരുടേയും ബാധ്യതയല്ലേ. പ്രതിഷേധം ആസൂത്രണം ചെയ്ത ആള്‍ തന്നെ ഇന്ന് രംഗത്ത് വന്നിരിക്കുന്നു. അത് നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാണെന്നും പിണറായി പറഞ്ഞു.