താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവർ പ്രതികളാണ്. ഇവർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളാണ്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാറാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ അറിയിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ തിരൂര്‍ റെസ്റ്റ് ഹൗസിലെത്തിയ സംഘം താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴി രേഖപ്പെടുത്തി. എന്തൊക്കെയാണ് നടന്നതെന്ന് സി.ബി.ഐ സംഘത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഹാരിസ് ജിഫ്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് അന്വേഷണ സംഘത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു.
ലഹരിവസ്തുക്കളുമായി പിടിയിലായ താമിര്‍ ജിഫ്രി താനൂര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസന്വേഷിച്ചിരുന്നത്. ജൂലൈ 31നാണ് ലഹരികേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ച കസ്റ്റഡിയിലിരിക്കെ താമിർ മരിച്ചു. താമിറിന് ക്രൂരമായി മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.