തിരുവോണം ബംപർ ഒന്നാം സമ്മാനം ഇത്തവണയും 25 കോടി രൂപ തന്നെ. ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി. അതേസമയം കൂടുതൽ പേർക്ക് സമ്മാനം ലഭിക്കാനായി ഓണം ബംപർ സമ്മാന ഘടനയിൽ മാറ്റം വരുത്താനും ധനവകുപ്പ് തീരുമാനിച്ചു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്കും നൽകും. കഴിഞ്ഞ തവണ മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേർക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ്.125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഇത് കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതലാണ്. ടിക്കറ്റ് വില 500 രൂപ തന്നെയാണ്. 67.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ ഓണത്തിന് അച്ചടിച്ചത്.