തൃശൂർ കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. ദിവസങ്ങള്‍ക്ക് മുന്‍പ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ സ്ഥിരീകരണം വന്ന ശേഷമേ മരിച്ചത് ആരാണെന്ന്
വ്യക്തമാകൂ എന്നാണ് പോലീസ് നിലപാട്.
രണ്ട് മാസം മുമ്പാണ് പ്രതീഷിനെ കാണാതാകുന്നത്. ബംഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി എത്തുമെന്നും ആണ് ഇയാൾ ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാൽ മടങ്ങിവരാത്തതിനെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതി ഭാര്യ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
അതേ സമയം, കഴിഞ്ഞമാസം 25ാം തീയതിയാണ് ശിവരാമൻ എന്നയാൾ തൂങ്ങിമരിക്കുന്നത്. മരിച്ച ശിവരാമനും പ്രതീഷും സുഹൃത്തുക്കളായിരുന്നെന്നും പ്രതീഷ് രണ്ട് കൊലപാതകകേസുകളിലെ പ്രതിയായാണ് എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പ്രതീഷിന്റെ പേരിൽ ആറിലധികം ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി. പ്രതീഷ് ശിവരാമന്റെ വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കവേ ഇന്ന് രാവിലെയാണ് ഇവിടുത്തെ സെപ്റ്റിക് ടാങ്കിന്റെ ഭാഗത്തെ മണ്ണ് ഇളകിക്കിടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന രണ്ട് മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹത വര്‍ധിക്കുകയാണ്.