തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ നാല് കേസ് കൂടി ചുമത്തി. 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. രാജ്യത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ട്രംപ് വ്യാഴാഴ്ച വാഷിംടൺ ഡിസിയിലെ കോടതിയിൽ ഹാജരാകണം.
2021 ജനുവരി ആറിന് യു എസ് ക്യാപിറ്റോളിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. യു എസ് നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷ്യൽ കൌൺസിൽ ജാക്ക് സ്മിത്താണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരം ക്രിമിനല്‍ കുറ്റം ചുമത്തിയത്.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് പണം നല്‍കിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് വിനയായത്. നേരത്തെ ജനപ്രതിനിധ സഭയില്‍ രണ്ട് തവണ ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു. 2018ലാണ് ട്രംപിന്‍റെ പണമിടപാട് വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയാക്കുന്നത്. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അശ്ലീല ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്.