കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന അഭ്യൂഹം തള്ളി അടുത്ത സഹായി ഛോട്ട ഷക്കീൽ. ദാവൂദ് ജീവനോടെയുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീൽ ദേശീയ മാധ്യമത്തോടു പറഞ്ഞു.
വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ദാവൂദിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദെന്നാണ് വാർത്ത. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണെന്നും ആശുപത്രിയിലെ ഉന്നത അധികൃതരെയും അടുത്ത കുടുംബാംഗങ്ങളെയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നതെന്നും ആയിരുന്നു വാർത്ത.
‘ദാവൂദ് ജീവനോടെയുണ്ട്, ആരോഗ്യവാനായി. ഈ കള്ളപ്രചരണം കണ്ട് ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. ഞായറാഴ്ച ഞാൻ പല തവണ അയാളെ കണ്ടിരുന്നു’– ഛോട്ടാ ഷക്കീൽ പറഞ്ഞു. ദാവൂദിനെ കുറിച്ചുള്ള വാർത്ത ഇൻ്റലിജൻസ് വൃത്തങ്ങളും തള്ളിയിരുന്നു.