യുഎഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ഒരു ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22.59 രൂപയിലേക്ക് വരെ ഇന്ന് ഉയര്‍ന്നു. ഇന്ന് രാവിലെയാണ് ദിര്‍ഹം -രൂപ വിനിമയ നിരക്ക് 22.59ലേക്ക് വരെ ഉയര്‍ന്നത്. പിന്നീട് അത് 22.55-ആയും 22-44-ആയും കുറഞ്ഞു. ഡോളറിന് എതിരെ ഇന്ത്യന്‍ രൂപ വന്‍തകര്‍ച്ചയിലേക്ക് വീണതാണ് ദിര്‍ഹം-രൂപ വിനിമയ നിരക്കിലും പ്രതിഫലിച്ചത്.
2022 ഒക്ടോബറിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പതിക്കുന്നത്. യു.എസ് കടപ്പത്ര ആദായത്തിലെ വര്‍ദ്ധനവും ഡോളര്‍ സൂചികയുടെ കുതിപ്പും ആണ് ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണം. ഡോളറുമായുള്ള വിനിമയത്തില്‍ ഏഷ്യന്‍ കറന്‍സികള്‍ 0.02 ശതമാനം മുതല്‍ 0.06 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്. രൂപയുടെ മൂല്യത്തില്‍ വരും ദിവസങ്ങളിലും കൂടുതല്‍ തകര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.അങ്ങനെ എങ്കില്‍ ഗള്‍ഫ് കറന്‍സികളും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തും.