ദുബൈയിലെ ജലഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കി. ജലഗതാഗത ശൃംഖലയില്‍ 188 ശതമാനം വിപുലീകരണം ആണ് ലക്ഷ്യമിടുന്നത്. ജലഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം
2030 എത്തുമ്പോഴേയ്ക്കും ദുബൈയിലെ ജലഗതാഗത ശൃംഖലയിലേക്ക് 22.2 ദശലക്ഷം യാത്രക്കാരെ എത്തിക്കുന്നതിനുള്ള പദ്ധതിയ്ക്കാണ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കിയിരിക്കുന്നത്. ജലഗതാഗത ശൃംഖല 55 കിലോമീറ്ററില്‍ നിന്നും 158 കിലോമീറ്ററായി ഉയര്‍ത്തും. ബോട്ട് സ്‌റ്റേഷനുകള്‍ 48-ല്‍ നിന്നും 79-ആയി വര്‍ദ്ധിപ്പിക്കും. ജലഗതാഗത സര്‍വീസുകള്‍ 196-ല്‍ നിന്നും 258-ആയും വര്‍ദ്ധിപ്പിക്കും. ദൂബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയില്‍ സന്ദര്‍ശനം നടത്തിയ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പദ്ധതി വിലയിരുത്തി.
ത്രിഡി പ്രിന്റഡ് ഇലക്ട്രിക് അബ്രകള്‍ നിര്‍മ്മിക്കുന്നതടക്കമാണ് പദ്ധതി. ത്രീഡിപിന്റിംഗിലൂടെ അബ്രകള്‍ ഒരുക്കുന്നതിലൂടെ നിര്‍മ്മാണസമയം തൊണ്ണൂറ് ശതമാനവും ചിലവ് മുപ്പത് ശതമാനവും കുറയ്ക്കാന്‍ കഴിയുമെന്ന് ആര്‍ടിഎ അറിയിച്ചു. സ്വയംനിയന്ത്രിത ഇലക്ട്രിക് അബ്രയുടെ പരീക്ഷണ ഓട്ടം വിജയകരമായി നടക്കുന്നുവെന്നും ആര്‍ടിഎ വ്യക്തമാക്കി. ജദ്ദാഫിനും ഫെസ്റ്റിവല്‍ സിറ്റിക്കും ഇടയിലാണ് പരീക്ഷണ ഓട്ടം. തദ്ദേശിയമായിട്ടാണ് സ്വയംനിയന്ത്രിത ആര്‍ടിഎ നിര്‍മ്മിച്ചത്.