ദുബൈയിലേക്ക് എത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന.18.72 ദശലക്ഷം സന്ദര്‍ശകര്‍ ആണ് 2024-ല്‍ ദുബൈയില്‍ എത്തിയത്.ദുബൈയിലേക്ക് എത്തിയ രാജ്യാന്തരസന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനം വര്‍ദ്ധനയാണ് 2024-ല്‍ രേഖപ്പെടുത്തിയത്.2023-ല്‍ 17.15 ദശലക്ഷം വിദേശവിനോദസഞ്ചാരികള്‍ ആണ് ദുബൈയിലേക്ക് എത്തിയത്.കഴിഞ്ഞ വര്‍ഷം ഇത് 18.72-ആയി വര്‍ദ്ധിച്ചു.
ഹോട്ടല്‍ ബുക്കിംഗുകളിലും വളര്‍ച്ച സംഭവിച്ചു.78.2 ശതമാനം ആണ് 2024-ലെ ഹോട്ടല്‍ ബുക്കിംഗ് നിരക്ക്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ദീര്‍ഘവീക്ഷണം ആണ് വിനോദസഞ്ചാരികളുടെ റെക്കോര്‍ഡ് വര്‍ദ്ധനയ്ക്ക് പിന്നില്‍ എന്ന് കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.കൂടുതല്‍ രാജ്യാന്തരസന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയും വിധത്തില്‍ വിനോദസഞ്ചാരമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും എന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.പശ്ചാത്തലസൗകര്യങ്ങളും ആകര്‍ഷണകേന്ദ്രങ്ങളും വര്‍ദ്ധിപ്പിച്ച് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുന്നതിനാണ് ദുബൈയുടെ നീക്കം.
അല്‍മക്തും വിമാനത്താവള വികസനം,മെട്രോ ബ്ലു ലൈന്‍ എന്നിവ ഇത് ലക്ഷ്യമിട്ടുള്ള വന്‍കിട പദ്ധതികള്‍ ആണ്.എമിറേറ്റിലെ ഹോട്ടല്‍ മുറികളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്.നിലവില്‍ 832 ഹോട്ടലുകളിലായി 154016 ഹോട്ടല്‍ മുറികള്‍ ദുബൈയിലുണ്ട്.