2026-ല്‍ പറക്കും ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിന് കരാര്‍ ഒപ്പുവെച്ച് ദുബൈ ഭരണകൂടം. ആദ്യഘട്ടത്തില്‍ നഗരത്തിലെ നാല് കേന്ദ്രങ്ങളില്‍ നിന്നായിരിക്കും ആകാശ ടാക്‌സി സര്‍വീസ്. ഇതിനായി പ്രത്യേക വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മ്മിക്കും.ദുബൈയില്‍ ആരംഭിച്ച ലോകസര്‍ക്കാര്‍ ഉച്ചകോടിയോട് അനുബന്ധിച്ചാണ് പറക്കും ടാക്‌സി സര്‍വീസിനായി കരാര്‍ ഒപ്പുവെച്ചത്. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി, ദുബൈ സിവില്‍ ഏവിയേഷന്‍, ജോബി ഏവിയേഷന്‍, സ്‌കൈപോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായിട്ടാണ് ആകാശ ടാക്‌സി സര്‍വീസിനായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു കരാര്‍ ഒപ്പുവെയ്ക്കല്‍.
കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പറക്കും ടാക്‌സി വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ആദ്യ ലോകനഗരമായി ദുബൈ മാറും. ജോബി എവിയേഷന്റെ എസ്-4 മോഡല്‍ ആയിരിക്കും പറക്കും ടാക്‌സി സേവനങ്ങള്‍ക്ക് ഉപയോഗിക്കുക. നാല് യാത്രക്കാര്‍ക്കും പൈലറ്റിനും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്നതാണ് ജോബി ഏവിയേഷന്റെ എസ്‌ഫോര്‍ മോഡല്‍. ആറ് പ്രൊപ്പല്ലറുകളും നാല് ബാറ്ററി പാക്കുകളും ഉള്ള എസ്‌ഫോര്‍ 161 കിലോമീറ്റര്‍ ദൂരത്തില്‍ പറക്കും. മണിക്കൂറില്‍ 321 കിലോമീറ്റര്‍ വരെയാണ് വേഗത. ആദ്യഘട്ടത്തില്‍ ദുബൈ രാജ്യാന്തര വിമാനത്താവളം, ഡൗണ്‍ടൗണ്‍, മറീന, പാംജുമൈറ എന്നിങ്ങനെ നാല് കേന്ദ്രങ്ങളില്‍ ആയിരിക്കും പറക്കും ടാക്‌സി സര്‍വീസ് ആരംഭിക്കുക.
ആകാശ ടാക്‌സിക്ക് പറന്നിറങ്ങുന്നതിനും ടേക്ക്ഓഫ് ചെയ്യുന്നതിനും ഉള്ള വെര്‍ട്ടിപോര്‍ട്ടുകള്‍ സ്‌കൈപോര്‍ട്‌സ് ആണ് നിര്‍മ്മിക്കുക. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി അടുത്ത വര്‍ഷം പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ ദുബൈയില്‍ ആരംഭിക്കും എന്ന് ജോബി ഏവിയേഷന്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ വെര്‍പോര്‍ട്ടുകളുടെ നിര്‍മ്മാണം ദുബൈയില്‍ ആരംഭിക്കും. പറക്കും ടാക്‌സി സേവനങ്ങള്‍ക്കുള്ള നിയമപരവും പ്രവര്‍ത്തനപരവുമായ ചട്ടക്കൂട് സിവില്‍ ഏവിയേഷന്‍ അഥോറിട്ടികളും ദുബൈ എയര്‍നാവിഗേഷന്‍ സര്‍വീസസ് കോര്‍പ്പറേഷനും ചേര്‍ന്ന് രൂപപ്പെടുത്തും.