ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഹ്രസ്വകാല പെര്‍മിറ്റ് അവതരിപ്പിച്ച് ദുബൈ ഹെല്‍ത്ത് അഥോറിട്ടി. മൂന്ന് മാസം വരെ കാലാവധിയുള്ളതാണ് പെര്‍മിറ്റ്. വിദഗദ്ധ ഡോക്ടര്‍മാരുടെ ഹ്രസ്വകാല സേവനങ്ങള്‍ക്കായി എമിറേറ്റിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്കാണ് പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ കഴിയുക.ദുബൈയില്‍ നടക്കുന്ന അറബ് ഹെല്‍ത്തിന്റെ നാല്‍പ്പത്തിയൊന്‍പതാം പതിപ്പില്‍ ആണ് ഡിഎച്ച്എ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഹ്രസ്വകാല പ്രാക്ടീസ് പെര്‍മിറ്റ് അവതരിപ്പിച്ചത്.
വിദഗദ്ധരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹ്രസ്വകാലത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതിനുള്ള താത്കാലിക പെര്‍മിറ്റ് ആണ് ഡിഎച്ച്എ അനുവദിക്കുന്നത്. പ്രാദേശിക ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുന്നതിനായിട്ടാണ് ഡിഎച്ച്എയുടെ പുതിയ നീക്കം. അടിയന്തരസാഹചര്യങ്ങളിലും പ്രതിസന്ധികളിലും ദുരന്തങ്ങളിലും ഹ്രസ്വകാല പെര്‍മിറ്റ് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് സഹായകമാകും. വിവിധ മേഖലകളില്‍ വിദഗദ്ധരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നതിന് ആശുപത്രികള്‍ക്ക് പുതിയ പെര്‍മിറ്റിലൂടെ സാധിക്കും. ഹ്രസ്വകാലത്തേക്ക് വിദഗദ്ധരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനം ആണ് താത്കാലിക പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരിട്ട് ഹ്രസ്വകാലപെര്‍മിറ്റിനായി അപേക്ഷിക്കാന്‍ കഴിയില്ല. ആരോഗ്യസ്ഥാപനത്തിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ആണ് ഇലക്ട്രോണിക് സംവിധാനവമായ ഷെര്‍യാന്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കിയാല്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ പെര്‍മിറ്റ് അനുവദിക്കും എന്നും ഡിഎച്ച്എ അറിയിച്ചു.
ഡിഎച്ച്എ അവതരിപ്പിച്ച പുതിയ പെര്‍മിറ്റ് ഗുരുതരരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കും സങ്കീര്‍ണ്ണശസ്ത്രക്രീയകള്‍ക്കും വിദേശങ്ങളില്‍ നിന്നും വിദഗദ്ധ ഡോക്ടര്‍മാരെ എമിറേറ്റിലേക്ക് എത്തിക്കുന്നതിന് സഹായകമാകും.