കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ദുബൈയില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രോട്ടോകോളിന് അംഗീകാരം നല്‍കി. ജനനത്തിനു മുമ്പ് മുതല്‍ കുട്ടികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനാണ് പുതിയ സംരംഭം. എക്‌സിക്യൂട്ടീവ് കൗണ്‍സിലിലാണ് പുതിയ സംരംഭത്തിന് അംഗീകാരം നല്‍കിയത്.
കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കൂടുതല്‍ സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. ജനനത്തിനു മുമ്പുള്ള പരിചരണം, ജനന രജിസ്‌ട്രേഷന്‍, ബാല്യകാല പരിചണം, സ്‌കൂള്‍ കാലഘട്ടത്തിലെ സുരക്ഷയും ക്ഷേവും, യുവജന കാലഘട്ടത്തിലെ പരിചരണം, വിവാഹത്തിനു മുമ്പുള്ള കൗണ്‍സിലിംഗ് വരെ ഓരോ ഘട്ടവും തരംതരിച്ചാണ് ക്ഷേവും സുരക്ഷയും ഉറപ്പാക്കുന്നത്. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പുതിയ സംരംഭത്തിന് അംഗീകാരം നല്‍കി.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രത്യേക സംഘങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ദുബൈ പോലീസ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍, ദുബൈ കോടതികള്‍, സുപ്രീം ലെജിസ്ലേഷന്‍ കമ്മിറ്റി, നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ അക്കാദമിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ സംരംഭത്തില്‍ പങ്കാളികളാകും.