ദുബൈ: ഹത്ത ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പദ്ധതിയുടെ നിര്‍മ്മാണം 75 ശതമാനത്തിലേക്ക് അടക്കുന്നുവെന്ന് ദീവ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ ആദ്യ ജലവൈദ്യുതി പദ്ധതിയാണ് ഹത്ത ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്. 2050 ഓടെ വൈദ്യുതി ഉത്പാദനം നൂറ് ശതമാനവും ശുദ്ധമായ സ്രോതസ്സുകളില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ദുബൈ നടപ്പിലാക്കുന്നത്. ഇതില്‍ ദുബൈയുടെ സ്വപ്ന പദ്ധതിയാണ് ഹത്തയിലേത്. ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹത്ത ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 250 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പദ്ധതിയക്ക് 142 കോടി ദിര്‍ഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുമെന്ന് ദീവ അറിയിച്ചു. 80 വര്‍ഷം വരെ പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 1500 മെഗാവാട്ട് വരെയാണ് സംഭരണ ശേഷി. ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവുമായ, സയീദ് മുഹമ്മദ് അല്‍ തായര്‍, പ്ലാന്റ് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.
മുകളിലത്തെ അണക്കെട്ട് നിറയ്ക്കാനുള്ള പ്രാരംഭ നടപടികള്‍ വര്‍ഷാവസാനത്തോടെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പവര്‍ ജനറേറ്ററുകളുമായി ബന്ധിപ്പിക്കുന്ന 1.2 കിലോമീറ്റര്‍ വാട്ടര്‍ ടണലിന്റെ പുരോഗതിയും വിലയിരുത്തി. അപ്പര്‍ ഡാമിന്റെ പാലത്തിന്റെ നിര്‍മ്മാണവും 72 മീറ്റര്‍ മതിലിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. ഹത്തയുടെ പ്രധാന അണക്കെട്ടില്‍ നിന്ന് 150 മീറ്റര്‍ അകലെയുള്ള അപ്പര്‍ ഡാമില്‍ ജലം സംഭരിക്കും. ഇവിടെ നിന്നും ജലം ഭൂഗര്‍ഭ ടണിലിലൂടെ ഒഴുക്കി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വെള്ളം വീണ്ടും ടണലിലൂടെ പമ്പ് ചെയ്ത് മുകളിലെത്തിച്ച് സംഭരിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഹത്തയിലെ ഇമറാത്തി പൗരന്മാര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടും. ഹത്ത വികസനവും ടൂരിസം പദ്ധതികളും ഹത്ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. സംഭരിക്കുന്ന വൈദ്യുതി ദീവയുടെ ഗ്രിഡ് വഴിയാകും വിതരണത്തിനായി എത്തിക്കുക.