ദുബൈയിലെ മെട്രോ, ട്രാം സേവനങ്ങളുടെ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍. 2040 ഓടെ സ്റ്റേഷനുകളുടെ എണ്ണം 140 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. മെട്രോ ബ്ലൂ ലൈന്റെ നിര്‍മ്മാണവും ഈ വര്‍ഷം ആരംഭിക്കും. മെട്രോ, ട്രാം എന്നിവയുടെ സേവനം കൂടുതല്‍ മേഖലകളിലേക്കും വ്യാപിക്കുന്നതിനാണ് പദ്ധതി. നിലവില്‍ റെഡ്, ഗ്രീന്‍ ലൈനുകളിലായി 55 മെട്രോ സ്‌റ്റേഷനുകളും 11 ട്രാം സ്‌റ്റേഷനുകളുമാണ് ഉള്ളത്. ഇത് 2030 ഓടെ 96 സ്‌റ്റേഷനുകളായും 2040 ഓടെ 140 സ്‌റ്റേഷനുകളായും ഉയര്‍ത്തുകയാണ് പദ്ധതി. ദുബൈയുടെ സ്വപ്ന പദ്ധതിയായ 20 മിനിറ്റ് സിറ്റിയിലേക്കും മെട്രോ സര്‍വ്വീസ് നീട്ടും. പൊതുഗതാഗത സേവനങ്ങള്‍ 45 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈയുടെ ഒന്നാം ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലിലാണ് തീരുമാനം. മെട്രോയുടെ പുതിയ ലൈനായ ബ്ലൂ ലൈന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. 30 കിലോ മീറ്റര്‍ നീളത്തില്‍ 14 സ്‌റ്റേഷനുകളുമായാണ് ബ്ലൂ ലൈന്‍ നിര്‍മ്മിക്കുന്നത്. 1800 കോടി ദിര്‍ഹം ചിലവിലാണ് ബ്ലൂ ലൈന്‍ നിര്‍മ്മിക്കുക. പകുതിയിലധികം ദൂരവും ഭൂമിക്കടിയിലൂടെയാകും കടന്നു പോകുക. ബര്‍ദുബൈ, ദെയ്‌റ, ഡൗണ്‍ടൗണ്‍, ബിസിനസ് ബേ, സിലിക്കന്‍ ഒയാസിസ്, ദുബൈ മറീന, ജെബിആര്‍, എക്‌സ്‌പോ സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്റെ നിര്‍മ്മാണം 2029 ല്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ വര്‍ശം 70.2 കോടി യാത്രക്കാരാണ് പൊതുഗതാഗത സേവനം ഉപയോഗിച്ചത്.