ദുബൈയില്‍ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 ന് പ്രവര്‍ത്തിച്ചു തുടങ്ങും. നഗരത്തിലെ ഗതാഗത സമയത്തില്‍ പതിനാറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് സാലിക് കമ്പനി അറിയിച്ചു. ദുബൈയിലെ സാലിക് ഗേറ്റുകളുടെ എണ്ണം ഇതോടെ പത്തായി ഉയരും.
അല്‍ഖൈല്‍ റോഡിലെ ബിസിനസ് ബേ ക്രോസിംഗ്, ഷെയ്ഖ് സായിദ് റോഡില്‍ നിന്നും അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള അല്‍ സഫ സൗത്തിലുമാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചത്. നവംബര്‍ 24 ഞായറാഴ്ച പുതിയ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സാലിക് കമ്പനി അറിയിച്ചു. ഷാര്‍ജ, അല്‍നാഹ്ദ, ഖ്വിസൈസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ ഉപയോഗിക്കുന്ന ഏറ്റവും തിരക്കേറിയ പാതയാണ് അല്‍ഖൈല്‍ റോഡ്. ഇവിടെ ഗതാഗത്തില്‍ 16 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. അല്‍മൈദാന്‍ സ്ട്രീറ്റ്, ഫിനാന്‍ഷ്യല്‍ സെന്റര്‍, അല്‍ അസയേല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ 15 ശതമാനം വരെയും ഗതാഗതത്തില്‍ കുറവ് പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നഗര ഗതാഗത സമയത്തില്‍ പതിനാറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് സാലിക് സിഇഒ ഇബ്രാഹിം അല്‍ ഹദ്ദാദ് അറിയിച്ചു. പൂര്‍ണമായും സൗരോര്‍ജത്തിലായിരിക്കും രണ്ട് ഗേറ്റുകളും പ്രവര്‍ത്തിക്കുക. അല്‍ സഫ സൗത്ത് ഗേറ്റ് അല്‍ സഫ നേര്‍ത്ത് ഗേറ്റുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ഗേറ്റുകളിലൂടെ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഒരു ഗേറ്റില്‍ നിന്നുമാത്രമായിരിക്കും ടോള്‍ ഈടാക്കുക എന്നും ഇബ്രാഹിം അല്‍ ഹദ്ദാദ് അറിയിച്ചു.