ദുബൈയില്‍ പൊതുഗതാഗത യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി. പ്രതിദിന യാത്രക്കാരുടെ എണ്ണം ഇരുപത് ലക്ഷമായി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ആറ് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിച്ചവരുടെ കണക്കുകള്‍ ആണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി പുറത്തുവിട്ടിരിക്കുന്നത്. 361 ദശലക്ഷം യാത്രക്കാരാണ് ആദ് ആറ് മാസത്തിനിടയില്‍ പൊതുഗതാഗതം ഉപയോഗിച്ചത്.പ്രതിദിനം 1.98 ദശലക്ഷം യാത്രക്കാര്‍ ദുബൈ വഴി സഞ്ചരിക്കുന്നുണ്ടെന്നും ആര്‍ടിഎ അറിയിച്ചു.
ആകെ യാത്രക്കാരില്‍ 61.5 ശതമാനവും ബസ്സോ മെട്രോയോ ആണ് ഉപയോഗിച്ചത്. ദുബൈ മെട്രോയില്‍ മാത്രം ആറ് മാസത്തിനിടയില്‍ 133 ദശലക്ഷം യാത്രക്കാര്‍ ആണ് സഞ്ചരിച്ചത്. ദുബൈ മെട്രോയില്‍ ബുര്‍ജുമാന്‍ സ്‌റ്റേഷനില്‍ 7.8 ദശലക്ഷം യാത്രക്കാരും യൂണിയന്‍ സ്‌റ്റേഷനില്‍ 6.3 ദശലക്ഷം യാത്രക്കാരും എത്തിയെന്നും ആര്‍ടിഎ അറിയിച്ചു. ദുബൈ ടാക്‌സിയില്‍ കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ 97 ദശലക്ഷം യാത്രക്കാര്‍ ആണ് സഞ്ചരിച്ചത്. ബസുകളില്‍ 89.2 ദശലക്ഷം യാത്രക്കാരും സഞ്ചരിച്ചു.
ദുബൈയിലെ പൊതുഗതാഗ ശൃംഖല ഓരോ വര്‍ഷവും വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ആര്‍ടിഎ വ്യക്തമാക്കി. പൊതുഗതാഗത യാത്രകള്‍ 2030-ഓട്കൂടി മുപ്പത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം എന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.