ദുബൈ: റോഡപകടമരണ നിരക്കില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദുബൈ നടപ്പിലാക്കുന്ന ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജി ഫലം കണ്ടതായി വിലയിരുത്തല്‍. ദുബൈ ആര്‍ടിഎയും പൊലീസും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. 2023 ല്‍ ദുബൈയില്‍ രേഖപ്പെടുത്തിയത് എക്കാലത്തെയും കുറഞ്ഞ റോഡപകട മരണനിരക്കാണ്. 2007 നും 2023 നും ഇടയില്‍ വാഹനാപകട മരണ നിരക്ക് 93 ശതമാനം കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഒരു ലക്ഷം ആളുകളില്‍ 1.6 എന്നതാണ് റോഡപകടങ്ങളിലെ മരണ നിരക്ക്. ദുബൈ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായി റോഡ് അപകടമരണങ്ങള്‍ പൂജ്യത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആര്‍ടിഎയും പൊലീസും ചേര്‍ന്ന് നടപ്പിലാക്കിയ റോഡ് സുരക്ഷാ പദ്ധതികളുടെ ഭാഗമാണിത്. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയിലെയും ദുബൈ പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയത്. ദുബൈ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ഫലങ്ങളും സൂചകങ്ങളും ഇരു വകുപ്പുകളും അവലോകനം ചെയ്തു. ട്രാഫിക് സുരക്ഷയുടെ കാര്യത്തില്‍ ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിനുള്ള സീറോ ഫാറ്റലിറ്റീസ് എന്ന കാഴ്ചപ്പാടോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മറ്റര്‍ അല്‍ തായര്‍ പറഞ്ഞു. 2023 ല്‍ കാല്‍നട ക്രോസിംഗുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, ഇ സ്‌കൂട്ടറുകള്‍, സൈക്കിളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷത്തിലധികം നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ദുബൈ മെട്രോയുടെ ബ്ലൂ ലൈന്‍ പദ്ധതിയും യോഗത്തില്‍ വിലയിരുത്തി. സെന്റര്‍പോയിന്റില്‍ റെഡ്‌ലൈനിലും അല്‍ ഖോറില്‍ ഗ്രീന്‍ ലൈനിലും ബന്ധിപ്പിച്ചാണ് ബ്ലൂ ലൈന്‍ നിര്‍മ്മിക്കുക. പുതിയ ലൈനില്‍ പ്രതിദിനം രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.