താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപ്പാക്കിയ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് മികച്ച പ്രതികരണം. അയ്യായിരത്തിലധികം പേരാണ് ഇതുവരെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.ചെറിയ തുകയ്ക്ക് തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രഖ്യാപിച്ചത്. സ്വാഭാവിക മരണത്തിനും അപകടമരണത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
ലൈഫ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ 5500 പേര്‍ ഇതുവരെ അംഗങ്ങളായെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. 37 ദിര്‍ഹം നല്‍കിയാല്‍ 35000 ദിര്‍ഹം വരെയാണ് ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുക. അന്‍പത് ദിര്‍ഹത്തിന്റെ പദ്ധതിക്ക് അന്‍പതിനായിരം ദിര്‍ഹത്തിന്റെയും എഴുപത്തിരണ്ട് ദിര്‍ഹത്തിന്റെ പാക്കേജില്‍ 75000 ദിര്‍ഹത്തിന്റെയും കവറേജ് ആണ് ലഭിക്കുക. പദ്ധതിയില്‍ അംഗങ്ങളായവര്‍ യുഎഇയില്‍ മരിച്ചാല്‍ ഇന്‍ഷൂറന്‍സ് തുക കുടുംബങ്ങള്‍ക്ക് ലഭിക്കും.
മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുകയും ചെയ്യും. അപകടത്തില്‍ അംഗഭംഗം സംഭവിച്ചാലും നഷ്ടപരിഹാം ലഭിക്കും. എഴുപത് വയസുവരെയുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം. ഗര്‍ഗാഷ് ഇന്‍ഷൂറന്‍സുമായി ചേര്‍ന്നാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പദ്ധതി നടപ്പാക്കുന്നത്.