ദുബൈയില്‍ ട്രെയ്ഡ് സെന്റര്‍ റൗണ്ട് എബൗട്ട് നവീകരണത്തിന് 696 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ നല്‍കി ആര്‍ടിഎ. നവീകരണത്തിന്റെ ഭാഗമായി അഞ്ച് പാലങ്ങളും നിര്‍മ്മിക്കും. നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രസമയത്തില്‍ പത്തുമിനുട്ടിലധികം കുറവ് വരും എന്ന് ആര്‍ടിഎ അറിയിച്ചു.
ഷെയ്ഖ് സായിദ് റോഡ് അടക്കം എമിറേറ്റിലെ അഞ്ച് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഇന്റര്‍സെക്ഷന്‍ ആണ് 696.414 ദശലക്ഷം ദിര്‍ഹത്തിന് നവീകരിക്കുന്നത്. ആകെ അയ്യായിരം മീറ്റര്‍ നീളം വരുന്ന അഞ്ച് പാലങ്ങള്‍ ആണ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്. നിലവിലുള്ള റൗണ്ട് എബൗണ്ടിന്റെ ഘടന തന്നെ മാറ്റുന്നതിന് ആണ് തീരുമാനം. നവീകരണത്തിലൂടെ വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള റൗണ്ട് എബൗട്ടിന്റെ ശേഷി ഇരട്ടിയാകുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.യാത്രാസമയത്തില്‍ പതിനൊന്ന് മിനുട്ട് ലാഭിക്ക്ാനും കഴിയും.
ഷെയ്ഖ് സായിദ് റോഡില്‍ നിന്നും ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്ക് ഒരു മിനുട്ട് കൊണ്ട് എത്താന്‍ കഴിയുമെന്നും മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.മേഖലയില്‍ തന്നെ ഡിഡബ്ല്യുറ്റിസി റൗണ്ട് എബൗട്ടും നവീകരിക്കുകയാണെന്നും ആര്‍ടിഎ അറിയിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ആര്‍ടിഎ എമിറേറ്റിലെ പശ്ചാത്തലസൗകര്യങ്ങളില്‍ വന്‍ നവീകരണങ്ങള്‍ നടപ്പാക്കുന്നത്.