ദുബൈയിലെ പൊലീസ് സേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് 200 കോടി ദിര്‍ഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് വികസനപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
ജദ്ദാഫിലെ പൊലീസ് ഓഫീസേഴ്‌സ് ക്ലബില്‍ നടന്ന ചടങ്ങില്‍ ആണ് വികസന പദ്ധതിയുടെ പ്രഖ്യാപനം.ദുബൈ നഗരം വികസിക്കുമ്പോള്‍ പൊലീസിന്റെ ചുമതലകളും വര്‍ദ്ധിക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. സുരക്ഷയും സ്ഥിരതയും ആണ് ഏറ്റവും വിലയേറിയ സ്വത്തുക്കള്‍ എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.ദുബൈയുടെ സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പൊലീസ് പ്രഖ്യാപിച്ച വികസന പദ്ധതികള്‍ ഷെയ്ഖ് മുഹമ്മദ് വിലയിരുത്തി.പദ്ധതിയുടെ ഭാഗമായി ഹത്തയില്‍ കുറ്റാന്വേഷണത്തില്‍ പരിശീലനം നല്‍കുന്ന പ്രത്യേക കേന്ദ്രം സ്ഥാപിക്കും.
വിവരവിശകലനത്തില്‍ അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ പരിശീലനം നല്‍കും.ഹത്തിയില്‍ തന്നെ അത്യാധുനിക ഫോറന്‍സിക് സയന്‍സ് കേന്ദ്രവും തുടങ്ങും.അല്‍ റുവയ്യാഹിയില്‍ പൊലീസ് അക്കാദമി സ്ഥാപിക്കും.പുതുതലമുറ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലോകനിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിനാണ് തീരുമാനം.2500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും അക്കാദമി.