ദുബൈ : മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍പാര്‍ക്കിന്റെ ആറാം ഘട്ടത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും അബുദബി കമ്പനിയായ മസ്ദറിന് നല്‍കാന്‍ തീരുമാനം. 2024-ല്‍ ആറാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലായിരിക്കും ആറാം ഘട്ടത്തില്‍ ഊര്‍ജ്ജോല്‍പാദനം എന്ന് ദിവ അറിയിച്ചു. .
ദുബൈ വൈദ്യുതി ജല അഥോറിട്ടി മാനേജിംഗ് ഡയറക്ടര്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ ആണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിനായി അബുദബി ഊര്‍ജ്ജ കമ്പനിയായ മസ്ദറിനെ തെരഞ്ഞെടുത്തതായി അറിയിച്ചത്. 1800 മെഗാവാട്ടിന്റെയാണ് ആറാംഘട്ടം. കിലോവാട്ടിന് 1.61 ഡോളര്‍ നിരക്കിലാണ് ആറാം ഘട്ടത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക. ആറാം ഘട്ടത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രാജ്യാന്തര തലത്തില്‍ നിന്നും ഇരുപത്തിമൂന്ന് താത്പര്യപത്രങ്ങള്‍ ആണ് ലഭിച്ചത്. ദുബൈയക്ക് ആവശ്യമായ മൊത്തം വൈദ്യുതിയും ശുദ്ധോര്‍ജ്ജ സ്രോതസുകളില്‍ നിന്നുമാക്കുക എന്ന ലക്ഷ്യത്തിലാണ് ഭരണകൂടം മുന്നോട്ട് പോകുന്നത് .അതിന്റെ ഭാഗമായിട്ടാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍പാര്‍ക്കിന്റെ നിര്‍മ്മാണ അതിവേഗത്തില്‍ പൂര്‍ത്തികരിക്കുന്നത്. ആറാം ഘട്ടം അടുത്ത വര്‍ഷം അവസാനത്തോട് കൂടി കമ്മീഷന്‍ ചെയ്യുന്നതിനാണ് തീരുമാനം. ലോകത്തിലെ തന്നെ അറ്റവും വലിയ സൗരോര്‍ജ്ജപാര്‍ക്കാണ് ദുബൈയില്‍ പൂര്‍ത്തിയാകുന്നത്. നിലവില്‍ 2427 കിലോവാട്ട് വൈദ്യുതിയാണ് സോളാര്‍പാര്‍ക്കില്‍ നിന്നും ലഭിക്കുന്നത്.ആറാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് 4660 കിലോവാട്ടായി വര്‍ദ്ധിക്കും.നിലവില്‍ ദുബൈയുടെ മൊത്തം ഊര്‍ജ്ജാവശ്യത്തിന്റെ 16.3 ശതമാനം ആണ് സൗരോര്‍ജ്ജത്തില്‍ നിന്നും ലഭിക്കുന്നത്. 2026-ല്‍ ഇത് ഇരുപത്തിനാല് ശതമാനമായി ഉയരും.