ദുബൈ മെട്രോയുടെ പതിനഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ ആര്‍ടിഎ ഒരുങ്ങുന്നു.ആഘോഷപരിപാടികളും സമ്മാനങ്ങളുമായിട്ടാണ് വാര്‍ഷികം കൊണ്ടാടുന്നത്. മെട്രോ സ്‌റ്റേഷനുകളില്‍ പ്രത്യേക സംഗീതപരിപാടികളും നടക്കും.2024 സെപ്റ്റംബര്‍ ഒന്‍പതിന് ദുബൈ മെട്രോ ഓട്ടം തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിനോദപരിപാടികളും സമ്മാനങ്ങളുമെല്ലാമായി വാര്‍ഷികം ആഘോഷിക്കാനാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ പദ്ധതി.
ദുബൈ മെട്രോ ഓപ്പറേറ്ററായ കിയോലിസ്, ലെഗോലാന്‍ഡ് ദുബൈ,ലെഗോ മിഡില്‍ഈസ്റ്റ്,എമിറേറ്റ്‌സ് പോസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് ആഘോഷപരിപാടികള്‍. മെട്രോയുടെ പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് എമിറേറ്റ്‌സ് പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കും. മെട്രോ സര്‍വീസ് ആരംഭിച്ച 2009 സെപ്റ്റംബര്‍ ഒന്‍പതിന് ജനിച്ച കുട്ടികള്‍ക്കായും പ്രത്യേക പരിപാടി ഒരുക്കിയിട്ടുണ്ട്. ഈ ദിവസം ജനിച്ച കുട്ടികള്‍ക്കായി ദുബൈ ലെഗോലാന്‍ഡ് ആണ് ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കുന്നതിനായി 2009 സെപ്റ്റംബര്‍ ഒന്‍പതിന് ജനിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ദുബൈ ആര്‍ടിഎയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
ദുബൈ മെട്രോയുടെ രൂപത്തിലുള്ള അയ്യായിരത്തോളം ഐസ്‌ക്രീമുകളും പുറത്തിറക്കും. ഐസ്‌ക്രീം സ്റ്റിക്കുകളില്‍ ചിലതില്‍ ഒരു പ്രത്യേക കോഡും നല്‍കിയിട്ടുണ്ടാകും. ഈ കോഡ് ലഭിക്കുന്നവര്‍ക്ക് നോല്‍ ഡിസ്‌കൗണ്ട് കാര്‍ഡുകള്‍ ലഭിക്കും. ഇതിനൊപ്പം സെപ്റ്റംബര്‍ ഇരുപത്തിയൊന്ന് മുതല്‍ ഇരുപത്തിയേഴ് വരെ മെട്രോ സ്റ്റഷനുകളില്‍ സംഗിതോത്സവും അരങ്ങേറും