ദുബൈ സഫാരി പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അറിയിച്ചു. കൂടുതല്‍ ആകര്‍ഷണങ്ങളുമായിട്ടാണ് പാര്‍ക്ക് തുറക്കുന്നത്.
യുഎഇയില്‍ വേനല്‍ക്കാലം അവസാനിച്ചോടൊണ് സഫാരി പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ദുബൈ സഫാരിയുടെ 2023-2024 സീസണ് ഒക്ടോബര്‍ അഞ്ചിന് തുടക്കമാകുമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു. ടിക്കറ്റ് ബുക്കിംഗുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിച്ചു. 119 ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന സഫാരി പാര്‍ക്കില്‍ മൂവായിരത്തിലധികം മൃഗങ്ങളാണ് ഉള്ളത്. എഴുപത്തിയെട്ടിനം സസ്തനികളേയും അന്‍പതിലധികം ഉരഗങ്ങളേയും ദുബൈ സഫാരിയില്‍ കാണാം.
പതിനൊന്നിനം പക്ഷികളാണ് സഫാരി പാര്‍ക്കില്‍ ഉള്ളത്. മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസ വ്യവസ്ഥയില്‍ തന്നെ കണ്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യം ആണ് ദുബൈ സഫാരിയില്‍ ഒരുക്കിയിരിക്കുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് സമാനമായവയാണ് സഫാരില്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. അഫ്രിക്കന്‍ വില്ലേജ്, ഏഷ്യന്‍ വില്ലേജ്, അറേബ്യന്‍ ഡെസേര്‍ട്ട് സഫാരി,എക്‌സ്‌പ്ലോറര്‍ വില്ലേജ്, ദി വാലി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായിട്ടാണ് പാര്‍ക്ക് തിരിച്ചിരിക്കുന്നത്. അന്‍പത് ദിര്‍ഹം മുതല്‍ 110 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.
സന്ദര്‍ശകര്‍ക്ക് ജിറാഫുകള്‍ക്കും കാണ്ടാമൃഗങ്ങള്‍ക്കും തീറ്റകൊടുക്കുന്നതിനുള്ള അവസരവും സഫാരി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷത്തിലധികം പേരാണ് ദുബൈ സഫാരി സന്ദര്‍ശിച്ചത്.എന്‍ടിവി,ദുബൈ