ദുബൈ: ദുബൈ സമ്മര്‍സര്‍പ്രൈസിന്റെ ഇരുപത്തിയേഴാം പതിപ്പ് ഈ മാസം 27 മുതല്‍. വേനല്‍ക്കാലം ആഘോഷമാക്കാന്‍ 65 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്തിലാണ് ദുബൈ സമ്മര്‍സര്‍പ്രൈസ് ഒരുക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ലോകോത്തര കലാകാരന്മാര്‍ അണിനിരക്കുന്ന നൃത്ത, സംഗീത പരിപാടികളുണ്ടാകും. സൗന്ദര്യവര്‍ധകവസ്തുക്കള്‍, വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ വമ്പിച്ച കിഴിവുകള്‍, സമ്മാനങ്ങള്‍, വിനോദ ആകര്‍ഷണങ്ങളിലേക്ക് കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം എന്നിങ്ങനെ ഒട്ടേറെ വാഗ്ദാനങ്ങളാണ് ഡി.എസ്.എസ്. നല്‍കുന്നത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച മോദേഷ് വേള്‍ഡിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. പുതിയപതിപ്പിലെ പ്രധാന പരിപാടികളുടെ മുഴുവന്‍ വിവരങ്ങളും അധികൃതര്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും. വൈവിധ്യമാര്‍ന്ന വിനോദപരിപാടികളുമായി കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി എമിറേറ്റിലെ വേനല്‍ക്കാലം അവിസ്മരണീയമാക്കുകയാണ് ഡി.എസ്.എസ്. വേനല്‍ക്കാലത്തും എമിറേറ്റിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ 1998ലാണ് ദുബൈ സമ്മര്‍സര്‍പ്രൈസ് ആരംഭിച്ചത്.