എമിറേറ്റില്‍ രണ്ട് ടോള്‍ ഗെയ്റ്റുകള്‍ കൂടി വരുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ദുബൈ സാലിക്കിന്റെ ഓഹരി മൂല്യം ഉയര്‍ന്നു. പതിനൊന്ന് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഓഹരി മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ദുബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയതതിന് ശേഷം ഇതുവരെ എഴുപത്തിയഞ്ച് ശതമാനത്തോളം ആണ് സാലിക്ക് ഓഹരിയുടെ മൂല്യം ഉയര്‍ന്നത്.
ദുബൈയില്‍ രണ്ട് സാലിക്ക് ഗെയ്റ്റുകള്‍ കൂടി സ്ഥാപിക്കുന്നുവെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയും സാലിക്ക് കമ്പനിയും ജനുവരി പത്തൊന്‍പതിന് ആണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സാലിക്ക് ഓഹരി മൂല്യത്തില്‍ പതിനൊന്ന് ശതമാനത്തോളം വര്‍ദ്ധന രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യം ആണ് സാലിക്ക് ഓഹരികള്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മാത്രം സാലിക്ക് ഓഹരികള്‍ക്ക് മുപ്പത്തിയഞ്ച് ശതമാനത്തോളം മൂല്യം ഉയര്‍ന്നു. ഒരു ഓഹരിയുടെ മൂല്യത്തില്‍ ഒരു ദിര്‍ഹത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി വില 3.72 ദിര്‍ഹമായി മാറി. 2022 സെപ്റ്റംബര്‍ ഇരുപത്തിയൊന്‍പതിനാണ് സാലിക്ക് കമ്പനി ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തത്. അതിന് ശേഷം ഇതുവരെയായി എഴുപത്തിയഞ്ച് ശതമാനത്തോളം ആണ് സാലിക്ക് ഓഹരികളുടെ മൂല്യം ഉയര്‍ന്നത്. കൂടുതല്‍ നിക്ഷേപകര്‍ സാലിക്ക് ഓഹരികളിലേക്ക് ആകൃഷ്ടരായി എത്തുന്നുണ്ട്.
സാലിക്കിന്റെ വികസനകൂടി പ്രഖ്യാപിച്ചതോടെ ഇതില്‍ വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തി. ഈ വര്‍ഷം നവംബറോട് കൂടി ദുബൈയില്‍ രണ്ടിടത്ത് കൂടി സാലിക്ക് ഗെയ്റ്റ് പ്രവര്‍ത്തിച്ച് തുടങ്ങും എന്നാണ് പ്രഖ്യാപനം. ഇതോടെ എമിറേറ്റിലെ ടോള്‍ ഗെയ്റ്റുകളുടെ എണ്ണം പത്തായി വര്‍ദ്ധിക്കും. സാലിക്കിന് വ്യത്യസ്ഥ നിരക്ക് ഈടാക്കുന്നത് പരിഗണനയില്‍ ഉണ്ടെന്നും ആര്‍ടിഎ വ്യക്തമാക്കിയിട്ടുണ്ട്. തിരക്കേറുന്ന സമയങ്ങളില്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതിന് ആണ് ആലോചന.