ക്ഷേത്രച്ചടങ്ങില്‍ ജാതിവിവേചനമെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി അഖിലകേരള തന്ത്രി സമാജം. പൂജയ്ക്കായി എത്തുന്ന പൂജാരി ദേവപൂജ കഴിയുന്നത് വരെ ആരേയും സ്പര്‍ശിക്കാറില്ല. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്തം ആചരണമെന്ന നിലയിൽ ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തന്ത്രി സമാജം വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. അന്ന് പൂജയ്ക്കിടയിലാണ് പൂജാരി വിളക്ക് കൊളുത്താൻ എത്തിയത്. ആ സമയത്ത് ആരെയും സ്പർശിക്കാറില്ല. അതിന് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസമില്ല. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തി അയിത്തം ആചരണത്തിന്റെ ഭാഗമായല്ലെന്നും അഖിലകേരള തന്ത്രി സമാജം പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വെച്ചുതന്നെ അക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച വിഷയം എട്ട് മാസങ്ങൾക്കിപ്പുറത്ത് കേരളമാകെ ചർച്ചയാകുന്ന വിധത്തിൽ വിവാദമാക്കുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തന്ത്രി സമാജം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.